ധുരന്ധറിലെ സഞ്ജയ് ദത്തിന്റെ പോലീസ് കഥാപാത്രം യഥാർഥ ജീവിതത്തിൽ താരത്തിന്റെ ആരാധകനായിരുന്നു. ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങിയ ധുരന്ധർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച ചൗധരി അസ്ലം എന്ന കഥാപാത്രത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സിനിമയിൽ പാക്കിസ്ഥാനി പോലീസ് ഓഫീസറായി സഞ്ജയ് ദത്ത് തകർത്താടുമ്പോൾ, യഥാർഥ ജീവിതത്തിൽ ആ പോലീസ് ഓഫീസർ സഞ്ജയ് ദത്തിന്റെ വലിയൊരു ആരാധകനായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത.
യഥാർഥ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സ്പൈ ത്രില്ലറിൽ കറാച്ചി പോലീസ് സൂപ്രണ്ട് ആയിരുന്ന ചൗധരി അസ്ലം ഖാനെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
ഖൽനായക്- എന്ന സിനിമ കണ്ടതുമുതൽ സഞ്ജയ് ദത്തിന്റെ കടുത്ത ആരാധകനായിരുന്ന അസ്ലമിനെ സുഹൃത്തുക്കൾ സ്നേഹത്തോടെ ബാബ കോപ്പ്- എന്നാണ് വിളിച്ചിരുന്നത്.
1960കളിൽ സിന്ധ് പോലീസിൽ എഎസ്ഐ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ചൗധരി അസ്ലം, കറാച്ചിയിലെ ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ലിയാരി ടാസ്ക് ഫോഴ്സിന്റെ തലവനായിരുന്ന അദ്ദേഹം നിരവധി ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്.
എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നാണ് അസ്ലം അറിയപ്പെട്ടിരുന്നത്. താലിബാന്റെ വധശ്രമങ്ങളിൽനിന്ന് ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും 2014-ൽ നടന്ന ഭീകരാക്രമണത്തിൽ അസ്ലം കൊല്ലപ്പെട്ടു.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ഭീകരവാദ ശൃംഖലകൾ തകർക്കുന്നതും ലിയാരി ഓപ്പറേഷനുമാണ് ധുരന്ധർ സിനിമയുടെ ഇതിവൃത്തം. രൺവീർ സിംഗ് നായകനായെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറി. 19ന് പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തിൽ 850 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.